ലോക്‌സഭ തിരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ മുരളീധരന്‍. തൃശൂരില്‍ തന്നെ കുരുതി കൊടുത്തതായിരുന്നെന്നാണ് മുരളീധരന്റെ വിമര്‍ശനം. തോല്‍വിയില്‍ തനിക്ക് പരാതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് എല്ലാ മണ്ഡലങ്ങളിലും വിജയിച്ചപ്പോള്‍ തനിക്ക് തോല്‍വിയ്ക്ക് നിന്നുകൊടുക്കേണ്ടി വന്നു. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്കം മാനിച്ച് കൂടുതല്‍ പറയുന്നില്ല. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ സിപിഎമ്മിനെതിരെയും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു.
ഒരു പൊലീസ് കമ്മീഷണര്‍ വിചാരിച്ചാല്‍ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കുമോ? പൂരം കലക്കിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണ്. സംഭവത്തിന് പിന്നില്‍ ചില അന്തര്‍ധാരകള്‍ ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് ഗുണകരമായി. മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ സിപിഎം ക്രമക്കേട് നടത്തിയെന്നും മുരളീധരന്‍ ആരോപിച്ചു.