മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി പെരുമാറി; ധര്‍മജന്‍ ബോള്‍ഗാട്ടി പരസ്യമായി മാപ്പ് പറയണമെന്ന് കെയുഡബ്‌ള്യുജെ

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണമെന്ന് കെ യു ഡബ്‌ള്യു ജെ. ചാനല്‍ പ്രതികരണത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത് എന്നിവരുടെ രാജി വാര്‍ത്തയ്ക്കിടെ പ്രതികരണം തേടിയ ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ചാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി സംസാരിച്ചത്. ”താന്‍ തന്റെ പണിനോക്ക്, കൂടുതലായാല്‍ ചീത്ത പറയാന്‍ മടിക്കില്ല” എന്നൊക്കെയായിരുന്നു ധര്‍മജന്റെ ആക്രോശം.

”സിദ്ദിഖ് രാജിവച്ചത് മാതൃകാപരമായ നടപടിയാണ്. സിദ്ദിഖിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതല്ല. ആരോപണം ആര്‍ക്കെതിരെയും പറയാം. പക്ഷേ, തെളിയിക്കണം. വെറുതെ പറഞ്ഞുപോയിട്ട് കാര്യമില്ല.താരങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉണ്ടായാല്‍ അന്വേഷിക്കാന്‍ പൊലീസും കോടതിയുമുണ്ട്. താനാണോ പൊലീസ് താനാണോ കോടതി ധര്‍മജനോട് ചോദ്യം ചോദിക്കാന്‍ താന്‍ ആളായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുകള്‍ ഉണ്ട്. ഞാന്‍ അച്ഛനും അമ്മയ്ക്കും പിറന്നവനാണ്. നിന്റെ പോലെയാണെന്ന് തോന്നുന്നില്ല”എന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ചു.