കെവി തോമസിനായി 11.31 ലക്ഷം, പിഎസ്‌സി അംഗത്തിന് മൂന്ന് ലക്ഷം ശമ്പളം; ഇഷ്ടക്കാര്‍ക്കായി ഖജനാവ് ചോര്‍ത്തി; കഷ്ടപ്പെടുന്ന 'ആശ'മാര്‍ക്ക് കൊടുക്കാന്‍ കാശില്ല; സര്‍ക്കാരിന് ഇരട്ടമുഖം

വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് വിവിധ പദവികള്‍ നല്‍കാനായി ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിനും ലക്ഷങ്ങള്‍ കൂട്ടി നല്‍കിയത് ഈ സമരകാലത്താണ്.

നിലവില്‍ രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ ശമ്പളം വാങ്ങുന്ന പി എസ് സി ചെയര്‍മാന് മൂന്നു ലക്ഷത്തി എണ്‍പത്തേഴായിരമായി കൂട്ടിക്കൊടുത്തു. അംഗത്തിന് 2.19 ലക്ഷത്തില്‍ നിന്ന് 3.80 ലക്ഷമായും വര്‍ധിപ്പിച്ചു. അംഗത്തിന്റെ പെന്‍ഷന്‍ കൂട്ടിയത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും .

രാഷ്ട്രീയ സ്വാധീനം പ്രധാന യോഗ്യതയായ പി എസ് സി അംഗത്തിന് ഒന്നാം ക്ലാസ് യാത്രാപ്പടിയും ആശ്രിതര്‍ക്ക് പോലും ചികിത്സയ്ക്ക് പണവും ചെയര്‍മാനാണെങ്കില്‍ കാറും വീടും എല്ലാ സൗകര്യങ്ങളും നല്‍കുന്നതിന്റെ പുറമെയാണ് ശമ്പളം ഉയര്‍ത്തല്‍. കേരള പിഎസ്സിക്ക് നിലവില്‍ 18 മെമ്പര്‍മാരാണുള്ളത്. പരീക്ഷ നടത്തിപ്പും ഉപദേശങ്ങളും നല്‍കുന്ന ഇവര്‍ക്കെല്ലാം കൂടി പ്രതിമാസം അരക്കോടിയില്‍ അധികം രൂപയാണ് ഖജനാവില്‍ നിന്നും ചോരുന്നത്.

അതുപോലെ തന്നെ,സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് യാത്രാബത്ത ഇനത്തില്‍ വലിയ വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തോമസിനുള്ള വാര്‍ഷിക യാത്രാബത്ത 11.31 ലക്ഷമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോകോള്‍ വിഭാഗം ധനവകുപ്പിനെ സമീപിച്ചിരുന്നു യാത്രാബത്ത ഇനത്തില്‍ 2025-26 ലെ ബജറ്റില്‍ അഞ്ചുലക്ഷമാണ് വകയിരുത്തിട്ടുള്ളത്.

എന്നാല്‍, നിലവില്‍ 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് വിഹിതം 11.31 ലക്ഷമായി ഉയര്‍ത്തണമെന്നുമാണ് പ്രോട്ടോകോള്‍ വിഭാഗത്തിന്റെ ആവശ്യമുയര്‍ത്തിയത്. ഇതു ധനവകുപ്പ് അംഗീകരിച്ച് നല്‍കുകയായിരുന്നു.

കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 24.67 ലക്ഷം രൂപയായിരുന്നു. തൊട്ടു മുന്‍ബജറ്റില്‍ 17 ലക്ഷവും. ഓരോ വര്‍ഷവും ബജറ്റ് വിഹിതം വര്‍ധിപ്പിച്ചുവരികയാണ്. 2024 ഒക്‌ടോബര്‍ വരെ ഖജനാവില്‍ നിന്നും 57.41 ലക്ഷം കെവി തോമസിന് നല്‍കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കെ.വി തോമസിന് ഓണറേറിയമായി 19, 38, 710 രൂപയും വിമാനയാത്ര ചെലവിനായി 7,18,460 രൂപയും നല്‍കി.

കെ.വി തോമസിന്റെ സ്റ്റാഫുകള്‍ക്ക് 29,75,090 രൂപ വേതനവും മറ്റ് അലവന്‍സുകളും ആയി നല്‍കി. കൂടാതെ കെ.വി തോമസിന് ഇന്ധനം അടിക്കാന്‍ 95,206 രൂപയും നല്‍കി. 13,431 രൂപ വാഹന ഇന്‍ഷുറന്‍സിനും 1000 രൂപ ഓഫിസ് ചെലവ് എന്ന പേരിലും കെ.വി തോമസ് കൈപറ്റിയിട്ടുണ്ട്.

കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചത്. ശമ്പളം ആണെങ്കില്‍ പെന്‍ഷന്‍ കിട്ടില്ല. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന തന്ത്ര പരമായ നിലപാട് കെ.വി തോമസ് സ്വീകരിച്ചത്. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ മൂന്നു പെന്‍ഷന്‍ ലഭിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പേരില്‍ ഒരാളാണ് കെ.വി തോമസ്.

ഇങ്ങനെ ഇഷ്ടക്കാര്‍ക്ക് വേണ്ടി ധൂര്‍ത്തുകള്‍ അനുവദിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് കുത്തിവയ്‌പെടുത്തെന്ന് ഉറപ്പാക്കാനും പ്രായമായ മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കാനും കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും കാല്‍നടയായി കിലോമീറ്ററുകള്‍ കയറി ഇറങ്ങുന്ന ആശാ പ്രവര്‍ത്തകരുടെ സമരത്തോട് സര്‍ക്കാര്‍ അയിത്തം കാണിക്കുന്നത്.

ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയമായി കൊടുക്കുന്നത് വെറും ഏഴായിരം രൂപയാണ്. അത് തന്നെ മാസങ്ങളോളം കുടിശിക. ഓണറേറിയം 21000 ആയി ഉയര്‍ത്തുക , വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആശാ പ്രവര്‍ത്തകരുടെ സമരം.

സമരം ഒരു മാസത്തിലേക്കു കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് 17ന് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം.

ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാവ് എസ്. മിനി അറിയിച്ചു. സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മര്‍ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ച് സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്കു കടക്കുന്നതെന്നും മിനി പറഞ്ഞു.

അതിനിടെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരവേദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ അവഹേളിച്ച് പ്രസ്താവന നടത്തിയ സിഐടിയു നേതാവ് കെ.എന്‍. ഗോപിനാഥിനു 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചുവെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു അറിയിച്ചു. സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാലയിടുന്നുണ്ട്.

Latest Stories

ട്രംപ് വിളിച്ചു; ഉക്രൈനിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സമ്മതിച്ച് പുടിൻ

ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപം; പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും

കശ്മീരിലെ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് എസ് ജയശങ്കർ

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; നാല് യാത്രികരും സുരക്ഷിതര്‍; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്; ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു

വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്

പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി