സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് കെ വി തോമസിനെ അപമാനിക്കുന്നത് ശരിയല്ലെന്ന് കെ.മുരളീധരന്‍ എം.പി. പാര്‍ട്ടിയില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. തോമസിന്റെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും എംപി പറഞ്ഞു.
ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റില്‍ പോയത്. ജനപിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ല. പക്ഷേ അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ലെന്നും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
അപമാനിക്കുന്നവരോട് യോജിപ്പില്ല. എന്നാല്‍ കെ വി തോമസിന്റെ ചില വിഷമങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം കെ വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മുഖ്യാതിഥി. കേന്ദ്രവും സംസ്ഥാനങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചാലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങളാണ് പ്രസംഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.