'ജാഗ്രതക്കുറവോ.. തികഞ്ഞ അനാസ്ഥയോ'; നിരത്തുകളിൽ ഇൻഷ്വറൻസും ഫിറ്റ്നസും സ്വകാര്യവാഹനങ്ങൾക്കുമാത്രം ബാധകമായതാണോ?

ഇക്കഴിഞ്ഞ ദിവസമാണ് ഇടുക്കി നേര്യമംഗലത്തിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് കീരിത്തോട് സ്വദേശിയായ പതിനാലുകാരി അനീറ്റ മരണപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. അപകടത്തിന് കാരണമായത് ബസിന്റെ തേഞ്ഞ ടയർ പൊട്ടിയതായിരുന്നു. ദീർഘദൂര സർവ്വീസ് നടത്തുന്ന ഒരു ബസിന്റെ ടയർ തേഞ്ഞ് പൊട്ടുകയെന്ന് പറഞ്ഞാൽ ഇത് ആരുടെ അനാസ്ഥയാണ്? കട്ടപ്പന – എറണാകുളം റൂട്ടിലായിരുന്നു അപകടം. ഒരു ട്രിപ്പിൽ 330 കിലോമീറ്റർ ഓടണ്ടേ വണ്ടിയാണ് തേഞ്ഞ ടയറുമായി ഓടിയതെന്ന് പറയുമ്പോൾ ആരാണ് ഇതിന് മറുപടി പറയേണ്ടത്?

നിരന്തരം സ്വകാര്യ വാഹനങ്ങളുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്ന എംവിഡി എന്തെ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുന്നു. നിരത്തുകളിൽ ഇൻഷ്വറൻസും ഫിറ്റ്നസും സ്വകാര്യവാഹനങ്ങൾക്ക് മാത്രം ബാധകമായതാണോ? കെഎസ്ആർടിസി ബസ് അപകടത്തിലായതിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ എം പരിവഹൻ ആപ്പിൽ ആ വാഹനത്തെ പറ്റി തിരഞ്ഞപ്പോൾ കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഈ പറയുന്ന കെഎസ്ആർടിസി ബസിന്റെ ഇൻഷുറൻസ് രണ്ടര വർഷം മുമ്പ് കാലഹാരണപെട്ടതാണ്. അതായത് 2023 മാർച്ച് 22 വരെയായിരുന്നു ഇൻഷുറൻസ് കാലാവധി. കൂടാതെ, യാത്രക്കാരുടെ ജീവന് ഭീഷിയാകുന്ന രീതികളിൽ ഓടിയതിന് ഈ വാഹനത്തിന് നിരവധി തവണ ഫൈനും എഴുതിയിട്ടുണ്ട്, പക്ഷെ അതൊന്നും ഇതുവരെ അടച്ചിട്ടില്ല.

ഇൻഷുറൻസ് ഇല്ലാതെ ഈ വാഹനങ്ങൾ എങ്ങനെ വാർഷിക ഫിറ്റ്നസ് ടെസ്റ്റ്‌ പാസായി യാത്രക്കാരെ കയറ്റി ഓടുവാൻ ഫിറ്റ്നസ് നേടി എന്നതാണ് ചോദ്യം. ഇൻഷുറൻസ് നിർബന്ധം അല്ല എന്നതിന്റെ പേരിൽ ഇത്ര നിസ്സരവൽക്കരിച്ച് കാണേണ്ട ഒന്നാണോ ഒരു മനുഷ്യജീവൻ. പതിനൊന്ന് വർഷവും 8 മാസവും കാലപ്പഴക്കമുള്ള വണ്ടി. ഇൻഷുറൻസും ഇല്ല ടയർ തേഞ്ഞൊട്ടിയ നിലയിൽ. സാധാരണ ജനത്തിന്റെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും നൽകാതെ ഉള്ള ഈ തോന്നിയവാസം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്തുകൊണ്ട് സ്വകാര്യ വാഹങ്ങൾക്ക് മാത്രം ഇൻഷുറൻസും മറ്റും നിർബന്ധമാക്കുന്നു? സർക്കാർ വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ? ഇത്‌ എവിടത്തെ നിയമമാണ്. സുരക്ഷയില്ലാത്ത ബസിന് സർവ്വീസ് അനുവദിച്ച ഡിപ്പോ മാനേജരെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.

ഈ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വാങ്ങിയ സ്‌പെയര്‍പാര്‍ട്‌സിന്റെ കണക്കെടുത്താൽ കെഎസ്ആര്‍ടിസിയിലെ സ്‌പെയര്‍ പാര്‍ട്‌സ് അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 735 കോടിയുടെ സ്‌പെയര്‍പാര്‍ട്‌സ് ആണ് പത്തുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി വാങ്ങിക്കൂട്ടിയത്. 2014 മുതല്‍ 2025 വരെയുളള കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാകുന്നത്. 2014-15 വര്‍ഷത്തില്‍ 59.84 കോടിയുടെ സ്‌പെയര്‍പാര്‍ട്ട്‌സാണ് കെഎസ്ആര്‍ടിസി വാങ്ങിയത്.

ആ സമയത്ത് കെഎസ്ആര്‍ടിസിക്ക് ആറായിരത്തിലേറെ ബസുകള്‍ ഉണ്ടായിരുന്നു. നിലവില്‍ നാലായിരം ബസുകളാണ് സര്‍വ്വീസ് നടത്തുന്നതെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷം ബസുകളും 15 വര്‍ഷത്തിലേറെ പഴക്കമുളളവയാണ്. നാലായിരത്തില്‍ താഴെ ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന 2024-ല്‍ 130 കോടിയുടെ സ്‌പെയര്‍പാര്‍ട്‌സാണ് കെഎസ്ആര്‍ടിസി വാങ്ങിക്കൂട്ടിയത്. വല്ലപ്പോഴും മാത്രം ആവശ്യം വരുന്ന ലക്ഷങ്ങള്‍ വിലവരുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇഷ്ടംപോലെ വാങ്ങിക്കൂട്ടുകയും ആവശ്യം വരുന്ന അധികം വില വരാത്ത ബോള്‍ട്ടുകളും ബ്രേക്ക് സ്ലാക്ക് അഡ്ജസ്റ്ററും ഒന്നും വാങ്ങാതെ യാത്രക്കാരുടെ ജീവന്‍വെച്ച് കളിക്കുകയാണ് ഇപ്പോഴും കെഎസ്ആര്‍ടിസി ചെയ്യുന്നത്.

ഇനി എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് മാറ്റം വരുന്നത്. ഇത് സർക്കാരിന്റെ ജാഗ്രതക്കുറവും
തികഞ്ഞ അനാസ്ഥയുമാണ്. നിരത്തുകളിൽ ഇൻഷ്വറൻസും ഫിറ്റ്നസും സ്വകാര്യവാഹനങ്ങൾക്കു മാത്രമല്ല ബാധകമാക്കേണ്ടത്. ജനങ്ങളുടെ ജീവനും സംരക്ഷണം വേണം. സുരക്ഷിതമായി പേടിയില്ലാതെ കെഎസ്ആര്‍ടിസി ബസുകളിൽ യാത്ര ചെയ്യാനും നിരത്തുകളിലൂടെ നടക്കാനും കഴിയണം.

Read more