ലോ അക്കാദമി സമരത്തിന്റെ തുടര്‍ നടപടികളെല്ലാം അട്ടിമറിച്ചു; സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് പുല്ലുവില കല്‍പിച്ച് ലക്ഷ്മി നായര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ ഇടപെടലില്‍ ഏറെ കൊട്ടിഘോഷിച്ച ലോ അക്കാദമി സമരത്തിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തികരിച്ചില്ല. മാനസികപീഡനത്തിനും വിവേചനത്തിനുമെതിരേ വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റുകയെന്ന ആവശ്യം നടപ്പായത്. സമരം ഏറ്റെടുത്ത കോണ്‍ഗ്രസും ബി.ജെ.പി.യും സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ ആവശ്യങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിച്ച് നേടിയ സര്‍ക്കാര്‍ ഭൂമിയില്‍ സ്വാശ്രയ കോളേജായി ലോ അക്കാദമി തുടങ്ങുകയും പിന്നീട് സ്ഥാപനം ഒരു കുടുംബത്തിന്റെ മാത്രമായി മാറുകയും ചെയ്ത പ്രശ്നം സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റി കോളേജ് തുറന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമരത്തിന്റെ ആവശ്യങ്ങളെല്ലാം മറന്നു. 2017 ജനുവരി 11-ന് തുടങ്ങിയ സമരം 29 ദിവസം നീണ്ടുനിന്നു.

കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഹോട്ടല്‍ നടത്തുന്നു, ബാങ്കിന് വാടകയ്ക്കു നല്‍കി എന്നീ ആരോപണങ്ങള്‍ ഇതിനിടെ ഉയര്‍ന്നു. ഭൂമി കൈയേറ്റമുണ്ടെന്ന ആക്ഷേപവും വന്നു. തുടര്‍ന്ന് ജില്ലാ കളക്ടറും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിച്ചു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിച്ചത്. ലോ കോളേജിന്റെ പ്രവേശനകവാടം തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അതിടിച്ച് കളയുക മാത്രമാണ് റവന്യൂ വകുപ്പ് ചെയ്തത്.

സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിയമ സെക്രട്ടറിക്ക് നല്‍കി. ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് തിരികെ ലഭിച്ചിട്ടില്ല.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഒരേസമയം എം.എ.യും എല്‍.എല്‍.ബി.യും പഠിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി, പ്രിന്‍സിപ്പല്‍ രേഖകളുമായി നേരിട്ടെത്താന്‍ നോട്ടീസ് നല്‍കി. ആറുമാസമായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

ഡയറക്ടര്‍ നാരായണന്‍ നായരും സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍നായരും മറ്റും കാമ്പസില്‍തന്നെ പ്രത്യേക വീടുകള്‍ െവച്ചാണ് താമസം. കൃഷ്ണന്‍ നായരുടെ ഭാര്യ അധ്യാപകര്‍ക്ക് സര്‍വകലാശാല നിശ്ചയിച്ച 65 വയസ്സ് കഴിഞ്ഞിട്ടും അധ്യാപികയായി തുടരുന്നു. ഇക്കാര്യങ്ങളൊക്ക റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും തുടര്‍നടപടിയില്ല.