കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിഞ്ഞത്.അതിനാല്‍ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
റോഡിലേക്ക് വന്നടിഞ്ഞ മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി ലയങ്ങള്‍ ഒറ്റപ്പെട്ടു. റോഡിന് മറുവശത്താണ്് തൊഴിലാളി ലയങ്ങള്‍. അവിടെ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അതേസമയം ചാലക്കുടി പുഴയുടെ തീരത്തുള്ള തിരുത്ത തുരുത്തില്‍ 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
തുരുത്തിലേക്കുള്ള വഴികളില്‍ വെള്ളം കയറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ബോട്ട് ഇറക്കി അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ്. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ ജാറത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളില്‍ മരം വീണു. ആളപായമില്ല. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
Read more
മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. എടക്കരക്കടുത്ത് പുന്നപ്പുഴയുടെ മുപ്പിനി പാലത്തില്‍ വെള്ളം കയറിയതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞു. ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ എടവണ്ണപ്പാറ, വാഴക്കാട് ഭാഗങ്ങളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി.