മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉടമകൾ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം. പകുതിയിലേറെ താമസക്കാർ ഇപ്പോഴും ഫ്ലാറ്റുകളിലുണ്ട്. എന്നാൽ അനുവദിച്ച സമയം നീട്ടാനാകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നഗരസഭ.
സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധിയാണിത്. അത് നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ ഇന്ന് കൊണ്ട് ഒഴിഞ്ഞുപോകൽ സാദ്ധ്യമല്ലെന്ന് ഉടമകളും തീർത്ത് പറയുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടർ ഫ്ലാറ്റുകളിലെത്തി ഉടമകളുമായി സംസാരിച്ചിരുന്നു.
Read more
ഒഴിഞ്ഞു പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താത്കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ ഉടമകൾക്ക് വേണ്ടി താത്കാലിക താമസസൗകര്യം കണ്ടെത്താനുള്ള ശ്രമങ്ങൾ നഗരസഭ തുടരുകയാണ്.