എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കാൻ വൈകിയ സംഭവത്തിൽ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. അവധി പ്രഖ്യാപിക്കുന്നതിന് മാർഗരേഖകൾ ഉൾപ്പടെ വേണമെന്നും ഹർജിയിൽ പറയുന്നു. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിലാണ് ഹർജി നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തിയ ശേഷമാണ് അവധി പ്രഖ്യാപനം ഉണ്ടായത്. ഇത് മാതാപിതാക്കന്മാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പല ആശങ്കൾക്കും ഇടയാക്കിയ ഈ വൈകിയുള്ള അവധി പ്രഖ്യാപനത്തിന് വലിയ വിമർശനമാണ് ഉയരുന്നത്. ഇന്ന് രാവിലെ 8.25 നാണ് അവധി പ്രഖ്യാപനം വന്നത്. ഭൂരിഭാഗം കുട്ടികളും സ്കൂളിലെത്തിയിരുന്നു. ചില സ്കൂളുകൾ അവധി പ്രഖ്യാപനം വന്നയുടൻ തന്നെ മാതാപിതാക്കന്മാർക്ക് മെസ്സേജ് നൽകി. ചില സ്കൂളുകളിൽ ക്ലാസ്സുകൾ നടന്നു.
”രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു”- ഇതായിരുന്നു പ്രതിഷേധം ഉണ്ടായതോടെ കളക്ടർ ഇട്ട പോസ്റ്റ്. എന്തിരുന്നാലും സ്കൂളുകൾ മിക്കതും വിദ്യാർത്ഥികളെ തിരികെ അയച്ചിരുന്നു.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. സാഹചര്യം നോക്കി സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി.