തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ വീഴ്ചയാണ്് ശസ്ത്രക്രിയ വൈകിയതിന് കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ടര മണിക്കൂര്‍ സമയം കൊണ്ടാണ് ഗ്രീന്‍ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30ന് അവയവം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂര്‍ വൈകിയാണ്. വൃക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കാരക്കോണം സ്വദേശിയായ സുരേഷാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നുമാണ് സുരേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.
രോഗിയുടെ മരണത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണത്തിന് കാരണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. രോഗിയെ വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില അതീവ ഗുരുതരമായിരുന്നു. അയാളെ ശസ്ത്രക്രിയക്ക് സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും എട്ട് മണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read more
അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രി ഉന്നതതലയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.