മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി. വര്‍ഷങ്ങളായി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് പ്രേക്ഷക പിന്തുണയില്‍ വന്‍ വീഴച്ച. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) 24 ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് വീണു.
റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ കുതിപ്പിലാണ് കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്ത്‌വരെ എത്തിയ 24 ന്യൂസിന് അടിപതറിയത്. കഴിഞ്ഞ ആഴ്ച്ച ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറിയും ആ മുന്നേറ്റം നിലനിര്‍ത്തിയിട്ടുണ്ട്. 101 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്കില്‍ ഒന്നാം സ്ഥാനത്ത്. വന്‍ കുതിപ്പ് നടത്തിയ റിപ്പോര്‍ട്ടര്‍ ടിവി 93 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക 24 ന്യൂസ് ഇളക്കിയതിന് പിന്നാലെ ബാര്‍ക്കില്‍ വലിയ അത്ഭുതങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് 24 ന്യൂസിനെ റിപ്പോര്‍ട്ടര്‍ ടിവി അട്ടിമറിക്കുന്നത്. ടിആര്‍പിയില്‍ ഇക്കുറി 89 പോയിന്റുകള്‍ മാത്രമെ നേടാന്‍ 24 ന്യൂസിന് കഴിഞ്ഞിട്ടുള്ളൂ. മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ റിപ്പോര്‍ട്ടര്‍ ചാനല്‍ വീഴ്ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്.
ഇത്തവണയും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 49 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 39 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസാണ് നിലവിലുള്ളത്.
സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ ഒരു സ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്. 20 പോയിന്റുമായി ജനം ആറാം സ്ഥാനത്താണ് നിലവിലുള്ളത്. ഏഴാം സ്ഥാനത്ത്
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 19 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ.
ഏട്ടാം സ്ഥാനത്ത് ന്യൂസ് 18 മലയാളമാണ്, 16 പോയിന്റാണ് ചാനല്‍ ബാര്‍ക്കില്‍ നേടിയിരിക്കുന്നത്. ഏറ്റവും പിന്നില്‍ ജമാ-അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണാണ്. ഒമ്പതാം സ്ഥാനത്തുള്ള ചാനലിന് ബാര്‍ക്കില്‍ കേവലം 13 പോയിന്റുകള്‍ മാത്രമെ നേടാന്‍ സാധിച്ചിട്ടുള്ളൂ. പുതുതായി ആരംഭിച്ച് 24/7 ചാനലിന് ബാര്‍ക്കില്‍ ഇടം പിടിക്കാനേ സാധിച്ചിട്ടില്ല.