ഓന്ത് നിറം മാറുന്ന പോലെയാണ് കെ എം മാണി വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ നിറം മാറിയതെന്ന് പി സി ജോർജ്. സർക്കാർ ഇക്കാര്യത്തിൽ നാണംകെട്ടുവെന്നും മുഖ്യമന്ത്രിയുടെ സ്വഭാവമല്ലേ സർക്കാർ കാണിക്കൂവെന്നും പി സി ജോർജ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കെ എം മാണി അഴിമതിക്കാരനല്ലെന്ന് സർക്കാർ തിരുത്തിയതിനെതിരേ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്.
ജോസ് കെ മാണി ചക്കര കുടത്തിൽ കൈയിട്ടിരിക്കുകയാണ്. അത് ഉപേക്ഷിച്ച് പോകാൻ കഴിയാത്ത അവസ്ഥയാണ്. കെ എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. മാണിസാറിന്റെ പേര് പറഞ്ഞിട്ടില്ലെന്നും ധനമന്ത്രിയെന്നാണ് പറഞ്ഞതെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. എങ്ങനെയെങ്കിലും അധികാരത്തിൽ പിടിച്ച് നിൽക്കണം അതിൽ നിന്നും പുറത്ത് പോകാൻ കഴിയില്ല. അതിന് വേണ്ടിയാണ് ജോസ് കെ മാണി ഇങ്ങനെയൊക്കെ പറയുന്നത്.
ഇക്കാര്യത്തിൽ പാർട്ടി കമ്മിറ്റിയിൽ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്ക് എതിരായിരുന്നു. കേരള കോൺഗ്രസിലെ മുഴുവൻ പ്രവർത്തകർക്കും പിണറായി വിജയനോട് അകൽച്ച ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ഇത്തരമൊരു തിരുത്ത് ഉണ്ടായതെന്നും പി.സി ജോർജ് പറഞ്ഞു.