കണ്ണൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും . ബഫര്‍ സോണ്‍ ഉത്തരവിനെതിരെയുള്ള പ്രതിഷേധമായാണ് ് ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. മലയോര മേഖലയിലെ കൊട്ടിയൂര്‍, കണിച്ചാല്‍, കേളകം, അയ്യന്‍കുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ദൂരപരിധി നിശ്ചയിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ട് നല്‍കുക, ജനവാസ മേഖലയേയും, കൃഷി ഭൂമിയേയും പൂര്‍ണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍. ജൂണ്‍ 16ന് യുഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ സംസ്ഥാനത്ത് ഉണ്ടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമെ തുടര്‍ന്നാല്‍ മതിയെന്നും കോടതി ഉത്തരവില്‍ പറയുന്നു.