Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ബിജെപി പിന്തുണയിലെ ലീഗ് ഭരണം അവിശ്വാസത്തിലൂടെ പുറത്ത്; ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു; സ്വതന്ത്ര അംഗം കെഎ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷ

, 6:14 pm

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെഎ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീന്‍കോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്ത് നിന്നും പുറത്തായ ചെയര്‍പേഴ്‌സന്‍ മുസ്ലീം ലീഗിലെ പി റുബീന, ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസിലെ വി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ തന്നെയാണ് രണ്ടാമതും ഇരു സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയത്. 16 നെതിരെ 21 വോട്ടുകള്‍ നേടിയായിരുന്നു വിജയം. ഏക ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതോടെ ഫറോക്ക് നഗരസഭയില്‍ ബിജെപിയുടെ കൂടി പിന്തുണയില്‍ ലീഗ് ആധിപത്യത്തിലുള്ള യുഡിഎഫ് ഭരണം സമ്പൂര്‍ണമായും അവസാനിച്ചു.

നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ 18 പേര്‍ എല്‍ ഡി എഫിനുണ്ടായിരുന്നത്.ഇതിന് പുറമെ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗവും, വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍കോയ, കെ ടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും കൂടി എല്‍ ഡി എഫിനൊപ്പം ചേര്‍ന്നതാണ് യു ഡി എഫിന് കനത്ത തിരിച്ചടിയായത്. മേയ് 16നാണ് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും പുറത്തായത്.

ഇടതു മുന്നണിയില്‍ സിപിഐഎമ്മിന് പതിനാറും സിപിഐ, എന്‍സിപി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമടക്കം 18 പേരാണുണ്ടായിരുന്നത്. യുഡിഎഫില്‍ 17 ല്‍ മുസ്ലീം ലീഗിന് പതിനാലും കോണ്‍ഗ്രസിന് മൂന്നു കൗണ്‍സിലര്‍മാരുമായിരുന്നെങ്കിലും റിബലായി മത്സരിച്ച് ജയിച്ച രണ്ടു വനിതകളും ബിജെപിയുടെ ഏക അംഗവും യുഡിഫിന് ഒപ്പമായിരുന്നു.

Advertisement