മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. സാമൂഹികക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു. ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രിവ ഉറപ്പ് നൽകുന്നു.
സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുകയും നേട്ടങ്ങളും പരിമിതികളും ജനങ്ങളോട് തുറന്നുപറയുകയും ചെയ്യുന്നു. ഈ ഉറച്ച സമീപനത്തിനുമുന്നിൽ പൊള്ളയായ ആരോപണങ്ങൾ തകർന്നു തരിപ്പണമാകുന്നു. നൂതന മാതൃകകൾ കണ്ടെത്തി കൂടുതൽ നേട്ടങ്ങൾ ആർജിക്കാനാണ് ശ്രമം. അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വ്യാജ നിർമിതികൾക്കും ജനങ്ങൾ മുന്നിൽ സ്വീകാര്യത ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ. അത് അംഗീകരിക്കാൻ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം.
അതേസമയം ലേഖനത്തിൽ ഇന്നും പ്രതിപക്ഷത്തിന് വിമർശനമുണ്ട്. കേന്ദ്രം ഭരിച്ച കാലത്ത് കേരളത്തിലെ റെയിൽവേ വികസനത്തെ കോൺഗ്രസ് തീർത്തും അവഗണിച്ചു. ഇപ്പോൾ റെയിൽവേ വികസനത്തിനായി ഇടതുപക്ഷം പദ്ധതികളാവിഷ്‌കരിക്കുകയും കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ അവ അനുവദിക്കരുത് എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കേരളം മെച്ചപ്പെടരുത് എന്ന് കരുതുന്ന വിധത്തിലേക്ക് അവർ അധഃപതിച്ചു. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ശത്രുതാനിലപാടാണ്. ഏതാനും ചില മാധ്യമങ്ങളുമായി ചേർന്നാൽ എൽഡിഎഫ് സർക്കാരിനെ തകർക്കാമെന്ന വ്യാ മോഹമാണ് യുഡിഎഫിനെന്നും ലേഖനത്തിൽ വിമർശനമുണ്ട്.