കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ട് യു.ആര്‍. പ്രദീപ് മുന്നേറുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് മുന്നേറ്റം തുടങ്ങിയപ്പോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ. രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ഭരണ വിരുദ്ധത പറഞ്ഞുണ്ടാക്കുന്നതല്ലാതെ ജനങ്ങള്‍ക്കിടയില്‍ അങ്ങനെയില്ല. ഭരണത്തിന്റെ നേട്ടങ്ങള്‍ അനുഭവിച്ചവരെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ആര്‍ പ്രദീപ് 10,291 വോട്ടിന് ലീഡ് ചെയ്യുകയാണ്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനാണ് ലീഡ്. 13,000 ല്‍ അധികം വോട്ടിന്റെ ലീഡാണ് രാഹുലിനുമുള്ളത്. മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ അധികം വോട്ടുകള്‍ നേടാനായിട്ടുണ്ട്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ?ഗാന്ധി 3,43,000 ല്‍ അധികം വോട്ടുകള്‍ക്ക് മുന്നിലാണ്.