ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം ലീഗ്. തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും പകരമായി മുസ്ലിംങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള കോടതി വിധി നിരാശാജനകവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. തര്‍ക്കഭൂമി പൂര്‍ണമായി ഒരു വിഭാഗത്തിന് നല്‍കിയ കോടതി, പള്ളി പൊളിച്ചതും വിഗ്രഹം കൊണ്ടുപോയി വെച്ചതും നിയമവിരുദ്ധമാണെന്നും പറയുന്നു. ഇത്തരം നിരവധി വൈരുദ്ധ്യങ്ങളാണ് വിധിയിലുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളുമായും മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും. ഇതിനായി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ ചുമതലപ്പെടുത്തി.
രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതു കൊണ്ടാണ് വിധി അംഗീകരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തെ കുറിച്ച് പിന്നീട് നിലപാട് വ്യക്തമാക്കാമെന്നും നേതാക്കള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ: ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.