'നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥി സസ്പെൻസ്, അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേ'; എം സ്വരാജ്

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്ന് നിലമ്പൂരിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം സ്വരാജ്. ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നമി കാലങ്ങളായി തുടരുന്ന രീതിയാണ്. അത് പലപ്പോഴും കേരളത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പ്രവർത്തന സജ്ജമാണ് ഇടത് പക്ഷം. എപ്പോഴാണോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇടത് സ്ഥാനാർത്ഥി ആരാണെന്നത് സസ്പെൻസ് ആയി നിൽക്കട്ടെയെന്നും എം സ്വരാജ് പറയുന്നു. പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കുന്നത് ഒരു നയമായി തന്നെ സ്വീകരിച്ച് വരുന്നതാണ്. കലാ സാംസ്കാരിക രംഗങ്ങളിലും, മറ്റ് വിവിധ രംഗങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകളായ ആളുകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും അവരുടെ സേവനം സമൂഹത്തിന് ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കുന്നത് പുതിയ കാര്യമല്ല.

നിലമ്പൂർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ഇടതുപക്ഷം ജയിച്ചിട്ടുള്ള മണ്ഡലമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി ജയിച്ചിട്ടുള്ള മണ്ഡലവുമാണ്. എല്ലാവർക്കും സ്വീകാര്യനായ, വിജയം ഉറപ്പാക്കുന്ന ഒരു സ്ഥാനാർത്ഥിയെ നിലമ്പൂരിൽ മുന്നണി തീരുമാനിക്കും. അത് സ്വതന്ത്രനാണോ, പാർട്ടി സ്ഥാനാർത്ഥിയാണോ എന്നത് തൽക്കാലം ഒരു സസ്പെൻസായി ഇരിക്കട്ടേയെന്നും എം സ്വരാജ് പറഞ്ഞു. പിവി അൻവർ തെരഞ്ഞെടുപ്പിൽ ഒരു ഫാക്ടർ ആകുമെന്ന് നിലമ്പൂരിൽ ആരും അഭിപ്രായപ്പെടുന്നില്ല. പിവി അൻവറിൻറെ മുന്നണിപ്രവേശനം പ്രതിസന്ധിയൊന്നും തങ്ങൾ നോക്കാറില്ലെന്നും അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്നും സ്വരാജ് പരിഹസിച്ചു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന്റെയും പി വി അൻവറിന്റെയും യുഡിഎഫ് മുന്നണി പ്രവേശനത്തിന് സമ്മർദം ശക്തമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കാൻ ആവില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു. തൃണമൂലിനെ മുന്നണിയിൽ എടുക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. മുന്നണിയിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന് തടസ്സമുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും നിലവിലില്ലെന്നും തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.