സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും പിന്നോക്ക ജനവിഭാഗങ്ങൾക്ക് അർഹമായ പങ്കാളിത്തം എന്ന ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേർക്ക് കണ്ണടച്ച് നിൽക്കുകയാണ് ഇന്ന് കോൺഗ്രസും ബി.ജെ.പിയും ഇടതു പാർട്ടികളുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 96 ശതമാനവും സവർണ വിഭാഗക്കാർ ജോലി ചെയ്യുന്നിടത്ത് ഇവർക്കായി വീണ്ടും പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചത് പിന്നോക്ക വിഭാഗക്കാരോട് ഇടതുസർക്കാർ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു എന്നും വെള്ളാപ്പള്ളി നടേശൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
സാമ്പത്തിക സംവരണമെന്ന ചതിക്കുഴി
പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജനസംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 വരെ കാക്കേണ്ടി വന്നു എന്ന സത്യം. വയനാട്ടിലെ ആദിവാസി കുടിയിലെ ഇല്ലായ്മയിൽ നിന്ന്സ്വന്തം കഴിവുകൊണ്ട് പൊതുവിഭാഗത്തിലാണ് ശ്രീധന്യ എന്ന പെൺകുട്ടി അത് നേടിയെടുത്തതെന്ന കാര്യം സാമ്പത്തിക സംവരണവാദികൾ സൗകര്യപൂർവം മറക്കുകയുമരുത്.
സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. അർഹമായ പങ്കാളിത്തം സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും എന്നു ലഭിക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടതുമായിരുന്നു.
ആ ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേർക്ക് കണ്ണടച്ച് നിൽക്കുകയാണ് ഇന്ന് കോൺഗ്രസും ബി.ജെ.പിയും ഇടതു പാർട്ടികളുമെല്ലാം. മനുഷ്യത്വരഹിതമായ ജാതി വിവേചനങ്ങൾക്ക് ഇരകളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങൾ. അവർക്ക് പൊതുധാരയിലേക്ക് എത്താനുള്ള ഏക മാർഗമാണ് സംവരണം.
ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്റെ തനത് സംസ്കാരത്തിന്റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്.
ജാതി സംവരണം ദാരിദ്ര്യ ലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല.
ഈ സാഹചര്യത്തിലാണ് മുന്നോക്ക വിഭാഗത്തിലെ ദരിദ്രർക്കെന്ന പേരിൽ സാമ്പത്തിക സംവരണം എന്ന അനീതി ബി.ജെ.പി സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുന്നതും അതിനും മുമ്പേ കേരളത്തിലെ ഇടതു സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമ വിരുദ്ധമായി നടപ്പിൽ വരുത്താൻ ശ്രമിച്ചതും. 96 ശതമാനവും സവർണ വിഭാഗക്കാർ ജോലി ചെയ്യുന്നിടത്ത് ഇവർക്കായി വീണ്ടും പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചത് പിന്നോക്ക വിഭാഗക്കാരോട് ഇടതുസർക്കാർ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷണത്തിനായി ഇവർ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ല.
ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പോലും സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടില്ല. എന്നിട്ടും കേരളത്തിൽ ഇടതുസർക്കാർ അവർക്ക് കരുത്തു പകരുന്ന പിന്നോക്കക്കാരെ പിന്നിൽ നിന്ന് തന്നെ കുത്തി. ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളിൽ തെളിയുന്നത് സാമ്പത്തിക സംവരണമെന്ന ദുർഭൂതം പിന്നോക്കക്കാർക്ക് എങ്ങിനെ വിനാശകരമാകുമെന്നതാണ്.
വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ ഏറ്റവുമധികം സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നായി കേരള ജനസംഖ്യയിൽ 20 ശതമാനം പോലുമില്ലാത്ത മുന്നോക്കക്കാർ മാറിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സർക്കാരാണോ, ഉദ്യോഗസ്ഥ തലങ്ങളിലെ മുന്നോക്ക ചാണക്യന്മാരാണോ ഇതിന് പിന്നിലെന്ന് മാത്രമേ അറിയാനുളള്ളൂ. പൊതുവിഭാഗത്തിൽ നിന്ന് പത്ത് ശതമാനമാകും സാമ്പത്തിക സംവരണം എന്നു പറഞ്ഞ ശേഷം നടപ്പാക്കിയപ്പോൾ മൊത്തം സീറ്റിലെ പത്ത് ശതമാനമാക്കിയത് നിഷ്കളങ്കമായ തെറ്റായി കാണാൻ കഴിയില്ല.
ഇത്രയും കാലം സംവരണ വിരുദ്ധർ പറഞ്ഞിരുന്നത്, തങ്ങളേക്കാൾ യോഗ്യതയും മാർക്കും റാങ്കും തീരെ കുറഞ്ഞവർ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ അപഹരിക്കുന്നുവെന്നാണ്. ഇപ്പോൾ കേരളത്തിലെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനം പൂർത്തിയാകുമ്പോൾ റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിൽ നിൽക്കുന്ന സവർണദരിദ്രർ പിന്നോക്കക്കാരെ നോക്കുകുത്തിയാക്കി അഡ്മിഷൻ സ്വന്തമാക്കുന്ന കാഴ്ച്ചയാണ്.
ദാരിദ്ര്യത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെ സഹായിക്കുന്നതിനെ ഞങ്ങളാരും എതിർക്കുന്നുമില്ല. പക്ഷേ ജാതിയാൽ ദരിദ്രനായവനെ ശാക്തീകരിക്കണമെങ്കിൽ വിദ്യാഭ്യാസവും സർക്കാർ ജോലിയും അനിവാര്യമാണ്. സർക്കാർ, സ്വകാര്യ ഉദ്യോഗങ്ങളിൽ സിംഹഭാഗം കൈവശവുമുള്ളതും ഉയർന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവർണരിലെ പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നൽകുകയാണ് നീതി. അതിന് പകരം വളഞ്ഞ വഴിയിലൂടെ സാമ്പത്തിക സംവരണമെന്ന നുകം കൂടി പിന്നോക്കക്കാരുടെ മുതുകിൽ വെച്ചുകെട്ടുന്നത് അപരിഹാര്യമായ തെറ്റായി പരിണമിക്കും. കാലം അതു തെളിയിക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനിയും അവസരമുണ്ട്. അത് പാഴാക്കില്ലെന്ന് പ്രത്യാശിക്കാം.