ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് രംഗത്ത്. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
വ്യക്തമായ ധാരണയില്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പ് അധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.