ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ നിയമ നടപടി; 14 പേര്‍ക്ക് നോട്ടീസ് അയച്ച് പൊലീസ്

ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ആശ പ്രവര്‍ത്തകരുടെ മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസിന്റെ നോട്ടീസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആശ പ്രവര്‍ത്തകരെ കൂടാതെ ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുര്‍ഹാന്‍, എസ് മിനി, ഷൈല കെ ജോണ്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തിവരുന്ന രാപ്പകല്‍സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു.

സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി സര്‍ക്കാര്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് നിര്‍ദ്ദേശം.