കേരളത്തിലെ യുട്യൂബിലെ വാര്‍ത്താചാനലുകളെ നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കുന്നത് പരിഗണിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നുഅദേഹം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ചാനലുകളെ നിയന്ത്രിക്കാനുള്ള നിയമത്തെക്കുറിച്ച് അന്‍വര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുട്യൂബിലടക്കം പ്രചരിപ്പിക്കുന്നതു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ തടയുന്നതിനായി നിശ്ചയിട്ടുള്ള ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശിപാര്‍ശ നല്‍കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.