നിയമസഭാ സംഘര്‍ഷം; കക്ഷി നേതാക്കളുടെ യോഗം ഇന്ന്

നിയമസഭയില്‍ വ്യാഴാഴ്ച്ചയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍. ഇന്ന് രാവിലെ എട്ടിന് സ്പീക്കറുടെ ഓഫീസിലാണ് യോഗം ചേരുക. അതേ സമയം എംഎല്‍എമാര്‍ക്ക് നേരെ ഉണ്ടായ വാച്ച് ആന്റ് വാര്‍ഡുമാരുടെ നടപടിക്കെതിരെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എ കെ എം അഷ്‌റഫ് എന്നിവരാണ് പരാതി നല്‍കിയത്. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയില്‍ ഇവര്‍ ഉന്നയിച്ചത്.

എംഎല്‍എമാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സ്പീക്കറെ സംരക്ഷിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തിയതോടെ പ്രതിപക്ഷ- ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വനിതാ എം എല്‍ എമാരെ കയ്യേറ്റം ചെയ്തു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വടകര എം എല്‍ എ കെ കെ രമയെ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.

സ്ത്രീസുരക്ഷയെ സംബന്ധിച്ച ഉമാതോമസിന്റെ അടിയന്തിര പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. തിരുവനന്തപുരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് അടിയന്തിര പ്രമേയത്തിലൂടെ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്.

എന്നാല്‍ ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പല പ്രതിപക്ഷ എം എല്‍ എമാരും ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത് എന്ന സ്പീക്കറുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു.സഭാമന്ദിരത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത് അപൂര്‍വ സംഭവമാണ്.