ഇടുക്കിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പരസ്പരം വിമര്‍ശനങ്ങളുന്നയിച്ച എംഎം മണിയും കെകെ ശിവരാമനും സൗഹൃദം പങ്കിട്ട് ഒരേ വേദിയില്‍. ചെറുതോണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കിയ ചടങ്ങിനിടെയായിരുന്നു ഇരുവരും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടത്.
ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ച വിഷയത്തെ തുടര്‍ന്നായിരുന്നു ഇരു നേതാക്കളും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ എംഎം മണിയുടെ നിലപാടിനെ തള്ളിക്കൊണ്ട് കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ എംഎം മണി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദി പങ്കിടുന്നത്. ചെറുതോണിയിലെ പരിപാടിക്ക് ശേഷം എംഎം മണിയും കെകെ ശിവരാമനും കൈപിടിച്ചായിരുന്നു വേദിയില്‍ നിന്നിറങ്ങിയത്. തങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നും ഇല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നും എംഎം മണി എംഎല്‍എ പറഞ്ഞു. ബാക്കി പിന്നാലെ പാക്കലാമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. മണിയാശാന്‍ പറഞ്ഞതേ തനിക്കും പറയാനുള്ളൂ എന്ന് കെകെ ശിവരാമനും അറിയിച്ചു.