ലക്ഷദ്വീപിലെ മദ്യനിരോധനം ഒഴിവാക്കും; ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളത്തിൽ നിന്നും ബെവ്കൊ മദ്യം എത്തിക്കാൻ നീക്കം

ലക്ഷദ്വീപിലെ മദ്യനിരോധനം ഒഴിവാകുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഭാഗമായി കേരളത്തിൽ നിന്നും മദ്യം ഇറക്കുമതി ചെയ്യാനാണ് ലക്ഷദ്വീപിന്റെ നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റേതാണ് തീരുമാനം. അതേസമയം മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.

മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്.

കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകി.

വലിയ പ്രതിഷേധങ്ങള്‍ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തിയിരുന്നു. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല. അതിനാൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.

Read more