തെറ്റായ മദ്യനയത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പുതിയ മദ്യശാലകള്‍ അനുവദിക്കാനും പുത്തന്‍ മേഖലകളില്‍ മദ്യവ്യാപനം നടത്താനുമുള്ള നീക്കങ്ങളും നടപടികളും ഉപേക്ഷിക്കാനും തയ്യാറാകണം.
സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുള്‍പ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വ്യാപകമായ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സര്‍വ്വനാശത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
മദ്യവ്യാപനത്തെ ലക്ഷ്യമിട്ട് പുതിയ 250 മദ്യവില്‍പ്പനശാലകള്‍ തുറക്കാനും പുതിയ മേഖലകളിലേയ്ക്ക് കടന്നുകയറാനുമുള്ള നീക്കങ്ങളും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതെല്ലാം നാടിനെ സര്‍വ്വനാശത്തിലേയ്ക്ക് എത്തിക്കാനാണ് ഇടവരുത്തുക.
സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ജനദ്രോഹപരമായ മദ്യവ്യാപന നയവും നടപടികളുമെന്ന് അദേഹം കത്തില്‍ ആരോപിച്ചു.
സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുള്‍പ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വ്യാപകമായ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സര്‍വ്വനാശത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിലും പുത്തന്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മറ്റുലഹരിവസ്തുക്കളും നിര്‍ണ്ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
നാടിനെ നടുക്കിയ ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളിയും ജനങ്ങളുടെ തീരാവേദനയായി മാറിയ ഡോ.വന്ദനയുടെ ജീവനെടുത്ത കൊലയാളിയും തുടര്‍ന്നും നടന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ അക്രമകാരികളും മദ്യലഹരിയുടെ അടിമകളായിരുന്നു എന്നത് ജനശ്രദ്ധയില്‍ വന്നതാണ്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റസ്നേഹിതരെയുംവരെ മദ്യലഹരിയില്‍ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മദ്യവും മറ്റ് ലഹരിവസ്തുക്കളും അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റിയിരിക്കയാണ്. ഭയാനകമായ ഈ അവസ്ഥക്കുപുറമെയാണ് മദ്യപാനംമൂലം വര്‍ദ്ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളും. ആരോഗ്യരംഗത്ത് ‘കേരള മോഡല്‍’ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതായിരുന്നെങ്കിലും ഇന്നത് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് മദ്യവ്യാപനവും വമ്പിച്ചതോതിലുള്ള മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും സൃഷ്ടിച്ചിട്ടുള്ളത്.
മദ്യംഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിന്റെഫലമായി പ്രതിരോധശേഷി കുറഞ്ഞ സാഹചര്യമുണ്ടായത് പലവിധ രോഗങ്ങളുടെ വിളനിലമായി സംസ്ഥാനത്തെ മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വ്യാപകമായതിലും ക്വട്ടേഷന്‍-ഗുണ്ടാ മാഫിയാ സംഘങ്ങള്‍ പെരുകിയതിലും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ദുസ്സ്വാധീനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാമൂഹ്യതലത്തില്‍ അരാജകമായ ഒരവസ്ഥയിലേയ്ക്കാണ് മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും വന്‍തോതിലുള്ള വ്യാപനം കേരളത്തെ എത്തിച്ചിട്ടുള്ളത്.
ഇത്രയേറെ ആപല്‍ക്കരമായ അവസ്ഥയില്‍ സംസ്ഥാനം എത്തിനിര്‍ക്കുമ്പോഴാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനിടവരുത്തുന്ന നിലയില്‍ പുതിയ മദ്യശാലകള്‍ അനുവദിക്കുന്നത്. പുതിയ മേഖലയില്‍ മദ്യവ്യാപനം എത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിക്കുന്നതും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കങ്ങളും പുതിയ ആളുകളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ഇതെല്ലാം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘മദ്യകേരള’മാക്കി മാറ്റും.
2016-ല്‍ ശ്രീ.പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് ആയിരത്തോളമായിരിക്കുകയാണ്. നേരത്തേ ഇതെല്ലാം എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ജനങ്ങള്‍ അറിയാവുന്ന നിലയില്‍ പുറത്തുവിടുന്നില്ല. രഹസ്യമായ അജണ്ടയുമായിട്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബെവ്കോയുടെ 270, കണ്‍സ്യൂമര്‍ഫെഡിന്റെ 36, നിവരധി ക്ലബ്ബുകളുടെ മദ്യശാലകള്‍, നാലായിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഇതിനെല്ലാം പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ‘മദ്യമയ’മാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനെല്ലാം പുറമെ മദ്യവ്യാപനത്തെ ലക്ഷ്യമിട്ട് പുതിയ 250 മദ്യവില്‍പ്പനശാലകള്‍ തുറക്കാനും പുതിയ മേഖലകളിലേയ്ക്ക് കടന്നുകയറാനുമുള്ള നീക്കങ്ങളും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതെല്ലാം നാടിനെ സര്‍വ്വനാശത്തിലേയ്ക്ക് എത്തിക്കാനാണ് ഇടവരുത്തുക.
സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ജനദ്രോഹപരമായ മദ്യവ്യാപന നയവും നടപടികളും.
മദ്യം കേരളത്തില്‍ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും പ്രകടന പത്രികകളിലൂടെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അതേഇടതുമുന്നണി നയിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ ആ വാഗ്ദാനങ്ങള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ മദ്യശാലകള്‍ കൂടുതല്‍ കൂടുതല്‍ അനുവദിക്കുന്നത് തികഞ്ഞ ജനവഞ്ചനയാണ്.
തന്നെയുമല്ല മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് മദ്യവിപത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിര്‍ദ്ദേശങ്ങളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യവ്യാപന നയം. സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളുടെ 47-ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനവുമാണ്.
മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് (ഏപ്രില്‍-മെയ് 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം കേരളം ഫലത്തില്‍ മദ്യനിരോധനത്തിലായിരുന്നുവല്ലോ.
ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല.
ലോക്ക്ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ വന്ന ഗണ്യമായ കുറവ് പോലീസിന്റെ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നുണ്ട്.
മദ്യം ഇല്ലാതായാല്‍ മയക്കുമരുന്നുപയോഗം വര്‍ദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക് അതില്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നിങ്ങനെ മദ്യവ്യാപനത്തിന് അധാരമായി നേരത്തേ മുതല്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വാദഗതികളും പ്രചരണങ്ങളും അസ്ഥാനത്താണെന്നും ലോക്ഡൗണ്‍കാലത്ത് തെളിയിക്കപ്പെട്ടു. ഇതെല്ലാം അക്കാലത്തെ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
യഥാര്‍ത്ഥത്തില്‍ മദ്യവ്യാപനം വന്‍തോതിലുണ്ടായപ്പോഴാണ് മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായതെന്ന യാഥാര്‍ത്ഥ്യം പകല്‍പോലെ വ്യക്തമാണ്.
മദ്യത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാരിനുതന്നെ ചെലവഴിക്കേണ്ടിവരുന്നുണ്ട്.
വിനോദ സഞ്ചാരമേഖലയെ മദ്യനിയന്ത്രണം തളര്‍ത്തുമെന്ന വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായകാലത്തെ ടൂറിസ്റ്റുകളുടെ വരവും ടൂറിസത്തില്‍നിന്നുള്ള വരുമാനവും ടൂറിസ്റ്റ് വകുപ്പിന്റെ കണക്കുകളില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ട് നാടിന്റെയും ജനങ്ങളുടെയും നന്മക്കും പുരോഗതിക്കുമായി പിണറായി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന തെറ്റായ മദ്യനയത്തില്‍നിന്നും പിന്മാറണം. പുതിയ മദ്യശാലകള്‍ അനുവദിക്കാനും പുത്തന്‍ മേഖലയില്‍ മദ്യവ്യാപനം നടത്താനുമുള്ള നീക്കങ്ങളും നടപടികളും ഉപേക്ഷിക്കുകയുംവേണം.
കഴിഞ്ഞ രണ്ട് നിയസഭാ തെരഞ്ഞെടുപ്പുകാലത്തും സ്വന്തം മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളോട് ഇനിയെങ്കിലും നീതിപുലര്‍ത്തുന്ന മദ്യനയവും നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബഹു.മുഖ്യമന്ത്രിക്കും കഴിയേണ്ടിയിരിക്കുന്നു.
ഇതിനെല്ലാം കഴിഞ്ഞില്ലെങ്കില്‍ കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിച്ച ഭരണാധികാരിയെന്ന ദുഷ്പേരിലായിരിക്കും ഭാവിതലമുറ ഇന്നത്തെ മുഖ്യമന്ത്രിയെ വിലയിരുത്തുകയെന്ന യാഥാര്‍ത്ഥ്യം വിനയസമേതം ഓര്‍മ്മപ്പെടുത്തട്ടെ.
Read more
ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകര്‍ച്ചയിലേക്കു നയിക്കുന്ന മദ്യം-മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വിപത്തില്‍നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും ഫലപ്രദമായ നടപടികളും ആവിഷ്‌കരിച്ച് നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്നേഹപൂര്‍വ്വം
വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍