വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാർ; പുറത്തിറക്കിയത് 95 ശതമാനം കൃത്യത അവകാശപ്പെടുന്ന പട്ടിക

വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലില്‍ കാണാതായിട്ടുള്ളവരുടെ പട്ടിക തയാറായി. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ മൂന്ന് നാള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ദുരന്തമുണ്ടായി രണ്ടാഴ്ചയോടടുക്കുമ്പോൾ ഒരു പട്ടിക തയാറായത്. 90 – 95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവില്‍ പുറത്തിറക്കിയതെന്ന് അസിസ്റ്റന്‍റ് കളക്ടര്‍ ഗൗതം രാജ് പറഞ്ഞു.

ഒരു പ്രദേശമാകെ ഉരുളെടുത്ത ദുരന്തത്തില്‍ കാണാതായവര്‍ ആരൊക്കെയെന്ന് മനസിലാക്കുക രക്ഷാദൗത്യത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു. ഊഹാപോഹങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക ഉണ്ടാക്കുകയെന്ന വലിയ ലക്ഷ്യമാണ് പൂർത്തിയാക്കിയത്. പഞ്ചായത്തും സ്‌കൂളും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും അങ്കണവാടി പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഇതിനായി കൈകോര്‍ത്തു. പല രേഖകള്‍ ക്രോഡീകരിച്ചു. പേരുകള്‍ വെട്ടി, ചിലത് കൂട്ടിച്ചേര്‍ത്തു. കഠിന പ്രവര്‍ത്തനത്തിനൊടുവിലാണ് കാണാതായവരുടെ കരട് പട്ടിക തയാറാക്കാനായത്.

ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും വഴിത്തിരിവാകും ഈ പട്ടിക. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവില്‍ 130 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഡിഎന്‍എ സാമ്പിള്‍ പരിശോധനാ ഫലം വരുമ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയില്‍ നിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന സാഹചര്യത്തിലും കരട് പട്ടികയില്‍ കൂട്ടി ചേര്‍ക്കലും കുറയ്ക്കലുകളും നടക്കുന്നുണ്ട്.

അസിസ്റ്റന്റ് കലക്ടര്‍ എസ് ഗൗതം രാജിന്റെ നേതൃത്വത്തിലാണ് അതിവേഗം പട്ടിക തയാറായത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ആദ്യം ശേഖരിച്ചു. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഐസിഡിഎസില്‍ നിന്നും കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമാക്കി. ലേബര്‍ ഓഫീസില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖ ശേഖരിച്ചു. ഇതെല്ലാം കൂടി അടിസ്ഥാന രേഖയായെടുത്തായിരുന്നു പട്ടിക തയ്യാറാക്കല്‍.

ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി അസിസ്റ്റന്‍റ് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു പൂര്‍ണ ദിവസം പഞ്ചായത്ത് ഓഫീസില്‍ ഈ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ രേഖയും പരിശോധിച്ചു. ഇതോടൊപ്പം, കാണാതായവരുടെ പട്ടിക പഞ്ചായത്തിലും സ്‌കൂളില്‍ നിന്നും ലേബര്‍ ഓഫീസില്‍ നിന്നും ശേഖരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോള്‍ സെന്ററില്‍ ലഭ്യമായ വിവരങ്ങളും ഇതോടൊപ്പം ചേര്‍ത്തു.

ഈ പട്ടികയില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയവരുടെ വിവരങ്ങള്‍ ഒഴിവാക്കി. ആരോഗ്യ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും മരണമടഞ്ഞവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബന്ധുവീടുകളിലും മറ്റും ഉള്ളവരുടെ വിവരങ്ങള്‍ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും ആശ വര്‍ക്കര്‍മാരും നല്‍കി. ഇതെല്ലാം ഒഴിവാക്കി കാണാതായവരുടെ ആദ്യ കരട് പട്ടിക തയ്യാറാക്കി. മുപ്പതോളം പേര്‍ മൂന്ന് ദിവസം ഈ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം കൈകോര്‍ത്തുനിന്നു.

പട്ടിക തയ്യാറാക്കുന്നതും കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും രേഖപ്പെടുത്തുന്നതും ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ഐടി മിഷന്‍ എന്നിവ ഏറ്റെടുത്തു. ഗൂഗിള്‍ സ്‌പ്രെഡ് ഷീറ്റ് വഴി ദിവസേന അപ്‌ഡേറ്റ് ചെയ്തു. ദുരന്തം പിന്നിട്ട് ആറുദിവസത്തിനുള്ളില്‍ കാണാതായവരുടെ വിവരങ്ങളടങ്ങിയ പട്ടിക പുറത്തിറക്കാനായി എന്നതും വലിയ നേട്ടമാണ്.

റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ചിത്രം എന്നിവയടങ്ങിയതാണ് കരട് ലിസ്റ്റ്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് വിലയേറിയ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിനെ അറിയിക്കാം. നിരന്തരമുള്ള നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാകും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌ക്കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!