ശശീന്ദ്രനെതിരായ ഹര്‍ജി; മഹാലക്ഷ്മിയെക്കുറിച്ച് ദുരൂഹത തുടരുന്നു ; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

മന്ത്രി എ കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ സ്ത്രീയെ കുറിച്ചുള്ള ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറുന്നില്ല. ഹര്‍ജിക്കാരിയായ മഹാലക്ഷമിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നാടകീയമായ ഹര്‍ജിയും ഹര്‍ജിക്കാരിയെ കുറിച്ചുള്ള ദുരൂഹതകളും ഗൂഢാലോചനാവാദത്തിന് ബലമേകുന്നു എന്നാണ് എന്‍സിപിയിലെ ശശീന്ദ്രന്‍ അനുകൂല വിഭാഗം വിലയിരുത്തുന്നത്.

പരാതിക്കാരിയായ മഹാലക്ഷ്മിയെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരാനുള്ള മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമുണ്ടോ എന്ന സംശയം ബലപ്പെട്ടുവരികയാണ്. അത് തോമസ് ചാണ്ടിയാണോ അതോ ഗണേഷ്‌കുമാറാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇടക്കാലത്ത് ഗണേഷിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മന്ത്രിയാക്കാന്‍ ശ്രമിച്ച നേതാക്കളാണ് പിന്നിലെന്ന് സംശയിക്കുന്നവരും ഉണ്ട്. ആര്‍ക്കും പൊതുതാല്പര്യ ഹര്‍ജി നല്‍കാമെങ്കിലും കോടതികള്‍ മാറി മാറി പരാതി നല്‍കിയ നടപടിയും ശശീന്ദ്രന്‍ പക്ഷത്തെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു.15 നാണ് ശശീന്ദ്രനെതിരായ ഹര്‍ജി ഇനി ഹൈക്കോടതി പരിഗണിക്കുന്നത്.കോടതിയുടെ തുടര്‍നടപടി ശശീന്ദ്രനും മഹാലക്ഷ്മിക്കും ഇനി നിര്‍ണ്ണായകമാണ്.