തനിക്കെതിരെ ഹര്‍ജി നല്‍കിയതില്‍ തോമസ് ചാണ്ടിക്ക് പങ്കില്ല, ഹര്‍ജിക്കാരിയെ കുറിച്ചറിയുന്നത് വാര്‍ത്തകളിലൂടെയെന്നും ശശീന്ദ്രന്‍

തനിക്കെതിരെ ഹര്‍ജി നല്‍കിയതില്‍ തോമസ് ചാണ്ടിക്കോ എന്‍സിപിയില്‍ ആര്‍ക്കും തന്നെയോ പങ്കില്ലെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍. താന്‍ മന്ത്രിയായതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. വാര്‍ത്തകളിലൂടെയാണ് ഹര്‍ജിക്കാരിയെ കുറിച്ച് അറിഞ്ഞതെന്നും വ്യക്തമായ ബോധ്യമില്ലാതെ അന്വേക്ഷണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമുണ്ടോ എന്ന സംശയം ബലപ്പെട്ടുവരുന്നതിനിടെയാണ് ശശീന്ദ്രന്റെ പ്രസ്ഥാവന.

എ.കെ.ശശീന്ദ്രനെതിരായ കേസ് തീര്‍പ്പായതോടെയാണു മഹാലക്ഷ്മിയെന്ന സ്ത്രീ ഹര്‍ജിയുമായി രംഗത്തെത്തിയത്. നാടകീയമായ ഹര്‍ജിയും ഹര്‍ജിക്കാരിയെ കുറിച്ചുള്ള ദുരൂഹതകളും ഗൂഢാലോചനാവാദത്തിന് ബലമേകുന്നു എന്നാണ് എന്‍സിപിയിലെ ഒരു വിഭാഗം പറയുന്നത്. പരാതിക്കാരിയായ മഹാലക്ഷ്മിയെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരാനുള്ള മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം തോമസ് ചാണ്ടിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റ് ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെന്ന് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നു. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണു സൂചന. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് തിരകെ വരുന്നത് തടയുകയായിരുന്നു ലക്ഷ്യം.