സൗത്ത് ലൈവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുന്‍ എംപിയുമാ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ അംഗവും ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.
1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പഴ്‌സനും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു.
പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ‘ഫൊര്‍ഗോട്ടണ്‍ വിക്ടിം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.
മക്കള്‍: ഡോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍, നോര്‍വേ), റോണ്‍ സെബാസ്റ്റ്യന്‍ (ഹൈക്കോടതി അഭിഭാഷകന്‍), ഷോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍/ ഡോക്യുമെന്ററി സംവിധായകന്‍). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ ( നോര്‍വെ), സബീന പി. ഇസ്മയില്‍ (ഗവണ്‍മെന്റ് പ്ലീഡര്‍, ഹൈക്കോടതി).