വയനാട്ടിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളും; മറ്റു ബാങ്കുകൾ മാതൃകയാക്കണമെന്ന് കേരള ബാങ്ക്

വയനാട്ടിലെ കൂടുതൽ വായ്പകൾ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണമെന്നും എംകെ കണ്ണൻ. ഇന്നലെയാണ് വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളിയതായി കേരള ബാങ്ക് അറിയിച്ചത്.

ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ചൂരൽമലയിലെ പ്രാഥമിക പട്ടികയിൽ ഉള്ള 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ കേരള ബാങ്ക് തീരുമാനിച്ചിരുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും.

ഇതിന് പിന്നാലെയാണ് വയനാട്ടിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ പറഞ്ഞു.

കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാകണമെന്നും എംകെ കണ്ണൻ കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ 50 ലക്ഷം രൂപ കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഇത് കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

Read more