ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും; 207 വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച് കേരളബാങ്ക്

വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. 207 വായ്പകളിലായാണ് 3.85 കോടി രൂപ എഴുതിത്തള്ളാന്‍ കേരള ബാങ്ക് തീരുമാനിച്ചത്. കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ എടുത്തിരുന്നവര്‍ക്കാണ് ബാങ്ക് ഇളവ് അനുവദിച്ചത്.

നേരത്തെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി 9 വായ്പകളിലായി 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു. നേരത്തെ ഓഗസ്റ്റില്‍ ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാന്‍ ബാങ്ക് തീരുമാനിച്ചു.

നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.