ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് സി.പി.എം - മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ

കൂടത്തായി കൊലക്കേസിൽ പുതിയ വഴിത്തിരിവ്. പ്രതി ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് സിപിഐഎം – മുസ്ലിം ലീഗ് പ്രദേശിക നേതാക്കളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രാദേശിക മുസ്ലിം ലീഗ് നേതാവും സിപിഐഎം നേതാവുമാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ ഉള്ളത്. ഇവരെ വൈകാതെ വീണ്ടും ചോദ്യം ചെയ്യും.

സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടു നിന്ന  മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തിൽ ഇയാൾക്ക് ജോളി സാമ്പത്തിക സഹായവും നൽകിയിരുന്നു. ഓമശ്ശേരി പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. റോജോയുമായി ഈ മുസ്ലിം ലീഗ് നേതാവ് വാക്കേറ്റം ഉണ്ടായതായി വെളിപ്പെടുത്തലുണ്ട്.

Read more

കഴിഞ്ഞ ദിവസം കേരളാ പൊലീസിന്റെ സി ബ്രാഞ്ച് നടത്തിയ റെയ്ഡിൽ ജോളിയുടെ വീട്ടിൽ നിന്ന് അമ്പതിനായിര രൂപയുടെ ഒരു ചെക്ക് കണ്ടെടുത്തിരുന്നു. സിപിഐഎം പ്രാദേശിക നേതാവിന്റെ ചെക്ക് ആയിരുന്നു ഇത്. ഒരാഴ്ച മുമ്പ് ഈ പ്രാദേശിക നേതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ജോളി ഇയാളെ സന്ദർശിച്ചിരുന്നു. പൊലീസ് ചോദിച്ചത് ഒസ്യത്തിനെ കുറിച്ചാണെന്ന് അന്ന് സിപിഐഎം പ്രാദേശിക നേതാവ് ജോളിയോട് വെളിപ്പെടുത്തിയിരുന്നു.