കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍. എറണാകുളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ചാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്. സംഭവത്തില്‍ കുട്ടമ്പുഴയിലെ പ്രതിഷേധം ആറ് മണിക്കൂര്‍ പിന്നിട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നു. സ്ഥലത്ത് സോളാര്‍ ഫെന്‍സിങ് വൈകാനുണ്ടായ കാരണം അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി ജനത്തിന്റെ ഉത്കണ്ഠ പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുമെന്നും പറഞ്ഞു.
ഈ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പലപ്പോഴായി പറഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെന്‍സിങ് പൂര്‍ത്തിയാക്കുകയോ ആര്‍ആര്‍ടിയെ അയക്കുകയോ ചെയ്തില്ല. സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും വന്‍ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാന്‍ കാരണം. ഉത്തരവാദിത്തപ്പെട്ടവര്‍ വന്ന് ഉറപ്പ് നല്‍കാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല.
കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വേദനാജനകമായ സംഭവമാണിത്. ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവം. അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹവുമായി വന്‍ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.
Read more
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.