ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; അനാവശ്യ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് ലോക്ഡൗണില്‍ പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലായി. വ്യവസായ ശാലകള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍, വസ്ത്രശാലകള്‍, പുസ്തക, ചെരിപ്പ് കടകളും ഇന്ന് തുറക്കും. ഇന്ന് മുതല്‍ കള്ള് പാഴ്സലായി ലഭിക്കും. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമായി ഉയര്‍ത്തി. എന്നാല്‍ അനാവശ്യയാത്രകള്‍ക്കുള്ള കര്‍ശന നിയന്ത്രണം തുടരും.

ജൂണ്‍ ഒന്‍പത് വരെ സംസ്ഥാനത്ത് എല്ലായിടത്തും നിയന്ത്രണങ്ങളുണ്ടെങ്കിലും വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുണ്ട്. കയര്‍, കശുവണ്ടി മേഖലകളില്‍ അടക്കം എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അനുമതിയുണ്ട്. വ്യവസായ ശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ ഓടിക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മണി വരെ തുറക്കും.

പാഠപുസ്തകങ്ങള്‍, വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, സ്വര്‍ണം, ചെരിപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് കള്ള് ഷാപ്പുകളില്‍ നിന്ന് കള്ള് പാഴ്സല്‍ നല്‍കാം. പുഷ്പ കൃഷിക്കും വില്‍പ്പനയ്ക്കും ഇളവുണ്ട്. പാഴ് വസ്തുക്കള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാം.

Read more

പോസ്റ്റ് ഓഫിസില്‍ പണം അടയ്ക്കാന്‍ ആര്‍ഡി കളക്ഷന്‍ ഏജന്‍റുമാര്‍ക്ക് തിങ്കളാഴ്ചകളില്‍ യാത്രാ അനുമതിയുണ്ട്. നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജോലിക്ക് ചേരാം. അല്ലാത്തവര്‍ക്ക് സമയം നീട്ടി നല്‍കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ല വിട്ട് പോകുന്നവര്‍ എന്തിനാണ് യാത്രയെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കയ്യില്‍ കരുതണം.