സംസ്ഥാനത്തെ അതിസുരക്ഷാ ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ആരോപണം. യുഎപിഎ കേസുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരെ 21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നുവെന്നാണ് പരാതി. പന്തീരാങ്കാവ് കേസിൽപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനായ വിജിത്ത് വിജയനെ സെല്ലിന് പുറത്തേക്ക് പോകാൻ മൂന്ന് മണിക്കൂർ മാത്രമാണ് അനുവദിക്കുന്നത്. എൽഎൽബി പ്രവേശന പരീക്ഷയിൽ 35ാം റാങ്ക് നേടി വാർത്തയിൽ ഇടം പിടിച്ച വിജിത്തിന് ഓൺലൈനായി പഠിക്കാനുള്ള അവസരം ജയിൽ സൂപ്രണ്ട് നിഷേധിച്ചെന്നും പരാതിയുണ്ട്.
പന്തീരാങ്കാവ് യുഎപിഎ കേസിൽ ഉൾപ്പെട്ട വിജിത്ത് വിജയൻ എന്ന വിദ്യാർഥി നാല് വർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ കടത്ത മനുഷ്യാവകാശ ലംഘനം നേരിട്ട് വിചാരണ തടവുകാരനായി കഴിയുകയാണ്. പഠനവും അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്നുവെന്നാണ് പരാതി. തടവുകാരെ രാവിലെ 6.30 മുതൽ 5.30 വരെ പൂട്ടിയിടരുതെന്നാണ് നിയമമെങ്കിലും വിജിത്തിനെ 21 മണിക്കൂർ വരെയാണ് പൂട്ടിയിടുന്നത്. യുഎപിഎ പ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്കെതിരെ മനുഷ്യാവകാശ ലംഘനമില്ലെന്നും കുറ്റാരോപിതർക്ക് നേരെയാണ് ക്രൂരതയെന്നും അഡ്വക്കേറ്റ് തുഷാർ നിർമ്മൽ സാരഥി പറഞ്ഞതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി വിധിക്കും മുൻപ് തന്നെ അവർക്ക് ശിക്ഷാ വിധി നടപ്പിലാക്കുകയാണന്നും അഭിഭാഷകനായ തുഷാർ പറഞ്ഞു.
Read more
വിജിത്തിനെ എൻഐഎ കോടതി അകാരണമായി പൂട്ടിയിടരുതെന്ന് നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരെ ജയിൽ സൂപ്രണ്ട് തന്നെയാണ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. അതിസുരക്ഷാ ജയിലിലുള്ളവർക്ക് സുരക്ഷാ കാരണങ്ങളാൽ ഇളവ് അനുവദിക്കാനാവില്ലെന്നാണ് സൂപ്രണ്ടിൻ്റെ വാദം. വിജിത്തിന് എൽഎൽബിക്ക് 35-ാം റാങ്ക് ലഭിച്ചിട്ടും പഠനത്തിന് അനുമതിയില്ല. ജയിലിൽ ഓൺലൈൻ ക്ലാസിന് ഫോൺ അനുവദിക്കാൻ പറ്റില്ല എന്നതാണ് കാരണം.