സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തും. ഇന്നലെ കൊച്ചിയില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. 20 മണ്ഡലങ്ങളിലായി 10 കിലോ മീറ്റര്‍ വീതം പദയാത്രയും ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.
ഓരോ ലോക്സഭാ മണ്ഡലവും കേന്ദ്രീകരിച്ച് ഒരു ദിവസം രാവിലെ മുതല്‍ ഉച്ചവരെ പൗരപ്രമുഖരുടെ യോഗം, അതിന് ശേഷം 10 കിലോ മീറ്റര്‍ നടത്തം എന്നിവയാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുക. 20 മണ്ഡലങ്ങളിലും മത്സരിക്കുകയാണ് ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ഒരു ലക്ഷത്തിലേറെപ്പേരെ സംഘടിപ്പിച്ച് കോഴിക്കോട് പൂര്‍വ്വ സൈനിക സമ്മേളനം, തിരുവനന്തപുരത്ത് കുടുംബശ്രീ- ആശാവര്‍ക്കര്‍, പോസ്റ്റ് ഓഫീസ് സേവികാ വനിതാ സമ്മേളനം, കൊച്ചിയില്‍ നരേന്ദ്ര മോദി ആരാധകരായ യുവാക്കളുടെ സംഗമം എന്നിവയും യോഗം തീരുമാനിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും അദ്ധ്യക്ഷന്റെ പദയാത്ര. സംഗമങ്ങള്‍ മാര്‍ച്ചില്‍ നടക്കും.
വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് കേരളത്തിന്റെ പ്രവര്‍ത്തന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ആരോപിച്ച ജാവദേക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്നും അവകാശപ്പെട്ടു.