ലോകായുക്ത നിയമ ഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച് സിപിഐ മന്ത്രിമാര്‍. ബില്ലില്‍ മാറ്റം വേണമെന്നും ഇതേ കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയില്‍ എതിര്‍പ്പ് ഉന്നയിച്ചത്. എന്നാല്‍ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ ഇപ്പോള്‍ മാറ്റം കൊണ്ട് വന്നാല്‍ നിയമ പ്രശ്‌നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചര്‍ച്ച പിന്നീട് ആകാമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. ചര്‍ച്ച ഇല്ലെങ്കില്‍ സഭയില്‍ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബില്‍ ഇതേ പോലെ തന്നെ അവതരിപ്പിക്കാമെന്നും ശേഷം ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാമെന്നുമാണ് മന്ത്രി പി രാജീവ് അറിയിച്ചത്.
എന്നാല്‍ വിശദമായ രാഷ്ട്രീയ ചര്‍ച്ച വേണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സിപിഐ മന്ത്രിമാര്‍. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയിലാണ് സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ലോകായുക്ത വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രസ്തുത വകുപ്പില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനിത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.