അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ കാലത്തും സി.പി.എമ്മിന്റെ നേതാക്കന്മാർ അഴിമതിയോടുള്ള അസഹിഷണുതയുടെ വക്താക്കൾ ആയിട്ടാണ് രംഗത്ത് വന്നിരുന്നത്. പക്ഷെ ഇപ്പോൾ സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ടെന്നാണ് ബി.ജെ.പി നിലപാടെന്നും വി. മുരളീധരൻ പറഞ്ഞു.
സി.പി.എം പണ്ട് ഏതുകാര്യത്തിനും കുറ്റം പറഞ്ഞിരുന്നത് അമേരിയ്ക്കയെ ആണ് എന്നാൽ കഴിഞ്ഞ ഏഴുകൊല്ലമായിട്ട് ഏതുകാര്യത്തിനും കുറ്റം ചാർത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിലാണ്. ഇപ്പോൾ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറയുന്നത് നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടക്കുന്ന, അതിന് ഗൂഢാലോചന നടത്തുന്ന ഒരു സർക്കാർ നരേന്ദ്ര മോദിയുടെ നേത്രത്വത്തിൽ കേന്ദ്രത്തിൽ ഉണ്ട് എന്നാണ്. കോടിയേരി ബാലകൃഷ്‌ണന്റെ ഈ ന്യായീകരണം കേൾക്കുമ്പോൾ സഹതപിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്ന് വി. മുരളീധരൻ പറഞ്ഞു.