'ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കുക'; സിദ്ദിഖിനായി പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ്

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. മൂന്ന് ദിവസം മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും നടനായി തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.

അതേസമയം മുൻ‌കൂർ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സുപ്രീംകോടതിയിൽ സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല തുടങ്ങിയ വാദങ്ങളാണ് മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും. 2016 ജനുവരിയിൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണ് നടിയുടെ പരാതി.

Read more