പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതിയതായി എത്തുന്ന ബുക്ക്‌ലെറ്റുകളിൽ താമര ചിഹ്നം. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെയ്ക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര ചിഹ്നമുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തിനാണ് പാസ്‌പോര്‍ട്ടില്‍ താമര ചിഹ്നം രേഖപ്പെടുത്തിയതെന്ന് കൃത്യമായ ഉത്തരം പാസ്‌പോര്‍ട്ട് ഓഫീസിലെ ജീവനക്കാര്‍ക്ക് നല്‍കാനാവുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം രേഖപ്പെടുത്തിയതാണ് ഇതെന്ന് പലരും സംശയിക്കുന്നു.
മുന്കാലങ്ങളില്‍ ന് പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ അടിയിലായിട്ടാണ് ദീര്‍ഘചതുരത്തില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയിട്ടുള്ളത്.
പാസ്‌പോര്‍ട്ടില്‍ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോള്‍ ഇത് നീക്കം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യം ബെംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്‌പോര്‍ട്ട് ബുക്ക് ലെറ്റ് എത്തിയത്. കേരളത്തില്‍ കൊച്ചിയില്‍ നവംബര്‍ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.
അതേസമയം സുരക്ഷ കൂട്ടാനും വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനുമാണ് ബുക്ക് ലെറ്റുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.