എംഎല്‍എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പാർട്ടി പദവികളിൽ നിന്നും രാജിവെക്കാൻ എം.സി കമറുദ്ദീൻ ഒരുങ്ങുന്നു. ജ്വല്ലറി തട്ടിപ്പ് വിവാദത്തെ തുടർന്നാണ് രാജി തീരുമാനം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം ഉൾപ്പടെയുള്ള പദവികളിൽ നിന്നാണ് മഞ്ചേശ്വരം എംഎല്‍എയായ എം.സി കമറുദ്ദീന്‍ രാജി വെയ്ക്കാൻ ഒരുങ്ങുന്നത്.
നിക്ഷേപകരുടെ പരാതി പരിശോധിച്ച് പരിഹാരം കണ്ടെത്താൻ ജില്ലാ ലീഗ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫാഷൻ ഗോൾഡിന്‍റെ ആസ്തികൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് പണം തിരിച്ച് നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം. നിക്ഷേപ വിവാദത്തിൽ ചെയർമാനെതിരെ വ്യാപക പരാതി ഉയർന്നിട്ടും ഫാഷൻ ഗോൾഡിന്‍റെ ഫൗണ്ടർ ഡയറക്ടർമാർ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്. തന്നെ നിർബന്ധിച്ച് ചെയർമാനാക്കിയ പലരും കമ്പനി നഷ്ടത്തിലാണെന്ന് കണ്ടപ്പോൾ നിക്ഷേപം പിൻവലിച്ച് ഉൾവലിഞ്ഞതായാണ് എം.സി കമറുദ്ദീൻ എം.എൽഎയുടെ ആരോപണം.
20 ൽ അധികം കേസുകളാണ് എം സി കമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 800 നിക്ഷേപകരിൽ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി.
2003-ലാണ് ഫാഷൻ ഗോൾഡ് ഇന്‍റർനാഷണൽ ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്‍റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്, ഖമർ ഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾ രജിസ്റ്റാർ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തു. ഒന്നര വർഷം മുമ്പ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ടും തരുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾക്കും ഖമറുദ്ദീനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.
കൂടാതെ കാസർഗോഡ് കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയിൽ വണ്ടിചെക്ക് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജ്വല്ലറിയിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയെന്നാണ് കേസ്.