ശബരിമലയിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.എം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം.എം മണി പറഞ്ഞു. ഖേദപ്രകടനത്തിന് സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടി നയമെന്നും എം.എം മണി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്ന് പറ്റിയത് വിഡ്ഡിത്തമാണെന്ന് പറയാൻ ആർക്കാണ് അധികാരം. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയതെന്നും എം.എം മണി പറഞ്ഞു.
കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടത് നയമെന്ന സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ട്. ഈ വിഷയത്തിൽ ഇടത് മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും എം.എം. മണി മീഡിയ വൺ അഭിമുഖത്തിൽ വ്യക്തമാക്കി.
Read more
ശബരിമല യുവതീ പ്രവേശന സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നാണ് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധി ലിംഗ സമത്വം അടിസ്ഥാനമാക്കിയുള്ളതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയും അമിത് ഷായും പിന്നീട് നിലപാട് മാറ്റിയെന്നും ആനി രാജ ചൂണ്ടിക്കാട്ടിയിരുന്നു.