മോദിയുടേത് തെമ്മാടി ഭരണമെന്ന് പറയാന്‍ ഏഷ്യാനെറ്റ് ന്യൂസിന് ധൈര്യമുണ്ടോ?; ചാനല്‍ മുന്‍ എഡിറ്ററെ ഇന്‍ ചീഫിനെ വേദിയില്‍ ഇരുത്തി ചോദ്യം ചെയ്ത് എം സ്വരാജ്

ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡിയുടേത് തെമ്മാടി ഭരണമെന്ന് പറയാന്‍ ഏഷ്യാനെറ്റ് ന്യൂസിന് ധൈര്യമുണ്ടോയെന്ന് സിപിഎം നേതാവ് എം സ്വരാജ്.
ഏഷ്യാനെറ്റ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം ജി രാധാകൃഷ്ണനെ വേദിയില്‍ ഇരുത്തിയാണ് സ്വരാജ് ഇക്കാര്യം ചോദിച്ചത്.

കേരളത്തില്‍ തെമ്മാടി ഭരണമെന്ന ഏഷ്യാനെറ്റ് എഡിറ്റര്‍ വിനു വി ജോണിന്റെ ന്യൂസ് അവറിലുള്ള പരാമര്‍ശത്തെയാണ് സ്വരാജ് ചോദ്യം ചെയ്തത്. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണത്തെ താതമ്യം ചെയ്ത് നേരത്തെ എം ജി രാധാകൃഷ്ണന്‍ സംസാരിച്ചിരുന്നു. ഇതിനു മുറപടിയും തിരിച്ച് ചോദ്യങ്ങളുമായാണ് സ്വരാജ് സംസാരിച്ചത്.

തെമ്മാടി ഭരണമെന്ന് നരേന്ദ്ര മോദിയെക്കുറിച്ച് ഒന്ന് പറഞ്ഞുനോക്കണം. എളമരം കരീമിനെ ചെകിട്ടത്ത് അടിക്കണമായിരുന്നു, മൂക്കില്‍നിന്ന് ചോര ഒഴുകണമായിരുന്നു എന്ന് ഏഷ്യാനെറ്റ് പറഞ്ഞതുപോലെ അമിത് ഷായെക്കുറിച്ച് പറഞ്ഞുനോക്കട്ടെ. മാപ്പര്‍ഹിക്കാത്ത തെറ്റാണ് എം ജി രാധാകൃഷ്ണന്‍ ചെയ്തത്. രാജ്യത്തെയാകെതയുള്ള സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നുവെന്നും സ്വരാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയവണ്ണിന്റേയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിക്കുന്ന ഒരു സാഹചര്യമുണ്ടായി. പക്ഷേ ഏഷ്യാനെറ്റിന് വളരെവേഗം അത് തിരിച്ചുകിട്ടി. മീഡിയവണ്ണിന് സുപ്രീം കോടതിയില്‍ പോയിട്ടാണ് കിട്ടിയത്. കേന്ദ്രത്തിന് ഏഷ്യാനെറ്റ് നല്‍കിയ കത്തിലെ ഒരു വാചകം നിരുപാധിക മാപ്പ് എന്നായിരുന്നു. പിന്നീടങ്ങോട്ട് ഏഷ്യാനെറ്റിന്റെ സ്വഭാവം എന്തായിരുന്നു?. കേരളത്തിലെ ഭരണത്തെ തെമ്മാടി ഭരണമെന്ന് പറഞ്ഞു. അത് പറഞ്ഞ അവതാരകന്‍ നല്ല ആരോഗ്യത്തോടെ കേരളത്തില്‍ നടക്കുന്നുണ്ട്. അതിന്റെ അര്‍ത്ഥം എന്താണ്?. അങ്ങനെ പറഞ്ഞാലും സഹിഷ്ണുതയോടെ അത് കേള്‍ക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള മര്യാദ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ട് എന്നാണെന്നും സ്വരാജ് പറഞ്ഞു.