സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ സിപിഐഎം വർഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണ് സിപിഐഎം യാഥാർഥ വിശ്വാസികൾക്കൊപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. എംവിഗോവിന്ദൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാധ്യമങ്ങൾ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വിവാദത്തിൽ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.വി ഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപി നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.