പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമെന്നത് സത്യമെന്ന് എംവി ജയരാജന്‍

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. അ പരാമര്‍ശം തെറ്റാണെന്ന് അതിനാലാണ് ഞങ്ങള്‍ പറഞ്ഞതെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം എന്നത് സത്യമാണെന്നും അത് തെറ്റാണെന്ന ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്നുവന്നത് അന്നുതന്നെയാണല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യയുമായി ബന്ധപ്പെട്ട വിഷയം വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ സമ്മേളനത്തില്‍ അഭിപ്രായം പറഞ്ഞു.

ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യയുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിനാണ് പി പി ദിവ്യയെ പൂര്‍ണമായും തള്ളിയുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ മറുപടി.

Read more