ഗാസയില്‍ വെടിനിര്‍ത്തലല്ല, വേണ്ടത് യുദ്ധവിരാമം; ഇസ്രായേല്‍ സൈന്യത്തിന് ഒരിടത്തു പോലും ജയിക്കാനായില്ലെന്ന് എംഎ ബേബി

ഗാസയില്‍ വെടിനിറുത്തല്ല യുദ്ധവിരാമമാണ് വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ഗാസയുടെ മേല്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം താല്ക്കാലികവെടിനിറുത്തലിലേക്ക് നീങ്ങുന്നത് സ്വാഗതാര്‍ഹമാണ്. നാലുദിവസത്തെ ഈ വെടിനിറുത്തല്‍ പൂര്‍ണയുദ്ധവിരാമത്തിലെത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഒക്ടോബര്‍ ഏഴിന് ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ സൈനികവിഭാഗമായ അല്‍-ക്വസം ബ്രിഗേഡിന്റെ ഇസ്രായേലിലേക്കുള്ള അമ്പരപ്പിക്കുന്ന കടന്നുകയറ്റവും പ്രതികാരനടപടികളുമാണ് ഇപ്പോഴത്തെ സര്‍വ്വവിനാശകരമായ യുദ്ധം പ്രഖ്യാപിക്കുവാന്‍ ഇസ്രയേല്‍ കാരണമാക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇസ്രായേല്‍ തുടര്‍ച്ചയായീ വര്‍ദ്ധിപ്പിച്ചുവന്ന കൊടിയ അക്രമങ്ങളോടുള്ള ഒരു പ്രതികരണമായിരുന്നു ഹമാസ് നടത്തായത് എന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസ് തന്നെ പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ഒരുനൂറ്റാണ്ടായി ഇസ്രായേലി അധിനിവേശം സഹിക്കുന്ന പലസ്തീനികള്‍ കയ്യില്‍ കിട്ടിയ എല്ലാ ആയുധങ്ങളുമായി ഇസ്രായേലിനുള്ളിലേക്ക് കടന്നുകയറി. 300 ഇസ്രായേലി പട്ടാളക്കാര്‍ അടക്കം 1200 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 237 പേരെ ബന്ദികളായി ഗസയിലേക്കുകൊണ്ടുപോയി.

അതേത്തുടര്‍ന്ന് ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ 6000 കുട്ടികളും 3920 സ്ത്രീകളും അടക്കം 14532 പലസ്തീന്‍ പൌരര്‍ കൊല്ലപ്പെട്ടു, 7000 പേരെ കാണാതായി, 33000 പേര്‍ക്ക് പരുക്കുപറ്റി. മരിച്ചതില്‍ 43 പേര്‍ പത്രപ്രവര്‍ത്തകരും 205 പേര്‍ ആരോഗ്യപ്രവര്‍ത്തരുമാണ്. നിരവധി ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും മരിച്ചു. ഇക്കാലത്ത് ഇസ്രായേലി അധിനിവേശിത വെസ്റ്റ് ബാങ്കില്‍ 225 പാലസ്തീനികള്‍ കൊല്ലപ്പെട്ടു, അവിടെ 3100 പേരെ ഇസ്രായേല്‍ തടവിലാക്കി.

ഗസയിലുണ്ടായ കരയാക്രമണത്തില്‍ 72 ഇസ്രായേല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. ഹമാസിനെ ഭൂമിയില്‍ നിന്നു തുടച്ചുനീക്കുമെന്നും ഗാസയില്‍ നിന്നുള്ള ഭീഷണി എന്നന്നെത്തേക്കുമായി അവസാനിപ്പിക്കുമെന്നും തങ്ങളുടെ വമ്പന്‍ ആയുധശക്തിയുപയോഗിച്ചു ഹമാസിനെ തകര്‍ത്ത് മുഴുവന്‍ ബന്ദികളെയും തിരികെക്കൊണ്ടുവരുമെന്നുമായിരുന്നു യുദ്ധലക്ഷ്യമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാനാഹു പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും ക്രൂരമായ പട്ടാളശക്തിയായിട്ടും ഇസ്രായേലിന് ഈ ലക്ഷ്യങ്ങളൊന്നും നേടാനായില്ല. നിരപരാധികളായ പതിനായിരത്തിലേറെ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും മറ്റു സാധാരണ പൌരരെയും കൊന്നൊടുക്കാനായി എന്നുമാത്രം. ഗാസയിലെ പകുതിയോളം വീടുകളും ഓഫീസുകളും സ്‌കൂളുകളും ആശുപത്രികളും ബോംബിട്ടുനശിപ്പിക്കാനുമായി. ഗാസയിലെ ജനങ്ങളെ പുറത്തേക്കുപോകാന്‍ പോലും സമ്മതിക്കാതെ അതിര്‍ത്തികള്‍ പൂട്ടിയിട്ട് സ്വന്തം നാട്ടിനുള്ളില്‍ തെക്കോട്ടും വടക്കോട്ടും പലായനം ചെയ്യിക്കാനായി. ആശുപത്രികളിലെ ഇന്‍കുബേറ്ററുകളില്‍ ഇരുന്ന കുട്ടികളെ കൊല്ലാനായി. രോഗികളും അവശരും കുഞ്ഞുങ്ങളും ഒക്കെ ജീവനും കൊണ്ടോടി. പക്ഷേ, ഹമാസിനെ നശിപ്പിക്കാനായില്ല, ബന്ദികളെ മോചിപ്പിക്കാനായില്ല. ഹമാസുമായി ചര്‍ച്ച ചെയ്ത് തടവുകാരെ മോചിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായിരുന്നു എങ്കില്‍ ഒക്ടോബര്‍ ഏഴിനുതന്നെ ആവാമായിരുന്നു. പാലും തേനും ഒഴുകുന്ന കാനാന്‍ ദേശത്ത് ചോരയും ചലവും ഒഴുകേണ്ടിയിരുന്നില്ല.

ഐക്യരാഷ്ട്രസഭ അംഗീകരിച്ചവിധമുള്ള രണ്ടുരാഷ്ട്രങ്ങളായുള്ള പരസ്പരസഹിഷ്ണുതയോടെയുള്ള സഹജീവനമല്ലാതെ ഇസ്രായേലിന് സമാധാനപൂര്‍ണമുള്ള ജീവിതം സാധ്യമല്ല. സര്‍വായുധങ്ങളും അമേരിക്കന്‍ പിന്തുണയുമൊക്കെ നിഷ്ഫലം എന്നു തെളിയിച്ച യുദ്ധമാണ് ഗാസയില്‍ ഇസ്രായേല്‍ നടത്തിയത്. അമേരിക്കയും ഇസ്രായേലും ഈ വസ്തുത ഇന്നെങ്കിലും മനസ്സിലാക്കിയാല്‍ ലോകം കൂടുതല്‍ സമാധാനപൂര്‍ണമാവും, പക്ഷേ, അവര്‍ ഇതിനു തയ്യാറാവാനുള്ള ഒരു സാധ്യതയും കാണുന്നില്ല എന്നതാണ് വസ്തുതയെന്നും ബേബി പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത