മാടപ്പള്ളി സംഘര്‍ഷം; ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം മാടപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്ത ആളുകളെ വിട്ടയക്കണമെന്ന് ആവശ്യവുമായി പ്രതിഷേധക്കാര്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് ഉപരോധം നടത്തുകയാണ്.

ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവര്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. പ്രായമായ സ്ത്രീകളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മടപ്പിള്ളിയില്‍ കല്ലിടലിന്‍ എതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കയ്യില്‍ മണ്ണെണ്ണയുമായി എത്തിയ സ്ത്രീകള്‍ക്ക് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കിയത്. പ്രതിഷേധക്കാരുടെ കുട്ടികള്‍ അടക്കം സംഭവത്തിനിടയില്‍ ഉണ്ടായിരുന്നു.

Read more

രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതിഷേധിക്കുന്ന അമ്മമാരെ ബലം പ്രയോഗിച്ച് പൊലീസ് നിലത്ത് വലിച്ചിഴച്ചു. സ്ത്രീകളെയടക്കം നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നും പൊലീസ് പറഞ്ഞു.