മധു കേസ്; 'വിചാരണക്കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ല, ജാമ്യം റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് പറഞ്ഞത്'; പ്രതിഭാഗം അഭിഭാഷകന്‍

അട്ടപ്പാടി മധു കേസില്‍ വിചാരണക്കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് താന്‍ പറഞ്ഞതെന്ന് അഡ്വ. അനില്‍ കെ.മുഹമ്മദ് വ്യക്തമാക്കി.

ജാമ്യം റദ്ദാക്കിയതിന് എതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മധുവധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മണ്ണാര്‍ക്കാട് എസ് ഇ എസ് ടി കോടതിയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയാതായി കോടതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി അഭിഭാഷകന്‍ രംഗത്തെത്തിയത്.

Read more

12 പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചത്. ജഡ്ജിയുടെ ചിത്രം ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞതായി ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ഉപയോഗിച്ച ഭീഷണിയുടെ സ്വരം കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും രംഗത്തെത്തിയിരുന്നു.