അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കാന്‍ മണ്ണാര്‍ക്കാട് എസ് ഇ-എസ് ടി കോടതിയുടെ നിര്‍ദ്ദേശം. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ നിന്നും പിന്മാറാന്‍ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം, മധു കൊല്ലപ്പെട്ട കേസില്‍ കൂറുമാറ്റം തുടരുന്നു. പത്തൊന്‍പതാം സാക്ഷി കക്കിയാണ് ഏറ്റവും ഒടുവില്‍ കോടതിയില്‍ മൊഴിമാറ്റിയത്. മധുവിനെ മര്‍ദിക്കുന്നത് കണ്ടെന്ന രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണി മൂലമെന്ന് കക്കി പറഞ്ഞു. ഇതോടെ മധു കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ഒന്‍പതായി.
പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍ കഴിഞ്ഞ ദിനസം കൂറു മാറിയിരുന്നു. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പന്‍.രഹസ്യമൊഴി നല്‍കിയ പതിനേഴാം സാക്ഷി ജോളിയും നാല് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്. പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നല്‍കിയത് എന്നായിരുന്നു ജോളി തിരുത്തിയത്.
മൊഴിമാറ്റിയ രണ്ടു വനംവാച്ചര്‍മാരെ നേരത്തെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. രഹസ്യമൊഴി നല്‍കിയ പത്തു മുതല്‍ പതിനേഴ് വരെയുള്ള സാക്ഷികളില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നത്.